ബാഗ്പാട്ട്: മുസ്ലിംകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പ്രസംഗവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്ന് സാധ്വി പ്രാചി പറഞ്ഞു. നാഥുറാം ഗോഡ്‌സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും സാധ്വി പറഞ്ഞു.

കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലീങ്ങളെയെല്ലാം പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സാധ്വി യുപിയിലെ ബാഗ്പാട്ടില്‍ പ്രസംഗിച്ചിരുന്നു. പ്രസംഗങ്ങള്‍ വിവാദമായതോടെ ബാഗ്പാട്ട് ജില്ലാ ഭരണകൂടം സാധ്വിയുടെ പ്രസംഗത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അസിസ്റ്റന്റ സുപ്രണ്ട് ഓഫ് പൊലീസ് അനില്‍ സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് എസ്.പി വ്യക്തമാക്കി.

ഹരിദ്വാറിലെ ശിവപ്രതിഷ്ഠക്ക് വേണ്ടി കാവടി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നതില്‍ 99 ശതമാനവും മുസ്ലിങ്ങളാണെന്നും ഇവരെ പറഞ്ഞയക്കണമെന്നുമാണ് സാധ്വി പ്രസംഗിച്ചത്. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ജോലി കിട്ടാന്‍ ഇതാണ് വഴിയെന്നും സാധ്വി പറഞ്ഞു.