ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്‍ത്തകര്‍ പ്രതിമക്ക് നീല നിറം പൂശുകയായിരുന്നു.

ദുംഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്‍ത്തതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്റെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. കാവി ശ്രദ്ധയില്‍ പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണുണ്ടായത്.

അടുത്തിടെ അംബേദ്കറുടെ പേര് ഭീംറാവു അംബേദ്കര്‍ എന്നതില്‍ നിന്ന് ‘ഭീംറാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.