ചെന്നൈ: സംവിധായകര്‍ക്ക് മുന്നില്‍ സായ്പല്ലവി വെക്കുന്ന നിബന്ധനകള്‍ അവസരം നഷ്ടപ്പെടുത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കുക, സംഭാഷണങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ പാടില്ല, ഷൂട്ടിങ് ഷെഡ്യൂള്‍ നേരത്തെ അറിയിക്കണം തുടങ്ങിയ നിബന്ധനകള്‍ സംവിധായകര്‍ക്ക് മുന്നില്‍വെക്കുന്നതുകൊണ്ടാണ് നടിക്ക് അവസരം നഷ്ടപ്പെടുത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സായ്പല്ലവി.

ഇത്തരം കിംവദന്തികള്‍ക്ക് പിന്നില്‍ ആരാണെന്നറിയില്ല, ഞാനിതുവരെ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുപോലുമില്ല, എനിക്ക് കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിക്കാനോ, ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള സംഭാഷണം പറയാനോ ഒരു സംവിധായകനും എന്നോട് പറഞ്ഞിട്ടില്ല, സിനിമാ രംഗത്ത് നിന്ന് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സായ് പറഞ്ഞു. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍പോളി ചിത്രമായ പ്രേമത്തിലൂടെയാണ് സായ് ശ്രദ്ധേയമാകുന്നത്. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനൊപ്പം കലിയിലും അഭിനയിച്ചു. ഒരു തെലുങ്ക് ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്.