Film

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

By webdesk13

January 18, 2025

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസം അവസാനിക്കുമ്പോഴും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് ആക്രമണമുണ്ടായത്. ശരീരത്തില്‍ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്വേഷണത്തില്‍ ചില ചോദ്യങ്ങള്‍ ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു?ണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാള്‍ എങ്ങനെ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു എന്നതില്‍ ഉത്തരമില്ല.

അക്രമി ആദ്യം കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റിലൂടെ ചാടി അകത്തു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതോടെ സിസിടിവി ക്യാമറകള്‍ ഒഴിവാക്കി ഫയര്‍ എക്‌സിറ്റ് പടികള്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണ് സൂചന. ഖാന്റെ ഇളയ കുട്ടിയുടെ കുളിമുറിയില്‍ പ്രവേശിക്കാന്‍ അക്രമി രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് ഇയാള്‍ പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.

അക്രമിയെ ഖാനും മറ്റുള്ളവരും ചേര്‍ന്ന് കീഴടക്കിയശേഷം മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു. അതിനുശേഷം സെയ്ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ഗേറ്റില്‍ രണ്ട് ഗാര്‍ഡുകളും പിന്‍ ഗേറ്റില്‍ ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തില്‍ ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിലെ സുരക്ഷാ ഗാര്‍ഡുകള്‍ പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ അനുവദിക്കുമായിരുന്നെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടില്‍ ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാന്‍ ജോലിക്കാര്‍ വേണമെന്നതിനാലുമാണ് ആക്രമണം നടന്നയുടനെ കുടുംബം ഖാന്റെ മൂത്ത മകന്‍ ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയര്‍ടേക്കറിനൊപ്പം സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ കാറില്‍ പോകാതെ ഇബ്രാഹിം സെയ്ഫിനെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാര്‍ക്കിടയിലും കച്ചവടക്കാര്‍ക്കിടയിലും അക്രമിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.