തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കണമെന്നാണ് സജി ചെറിയാന്‍ പറയുന്നതെന്നും, മുസ്ലിം ലീഗിന് തീവ്രത പോരെന്ന് ആരോപിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം വിമര്‍ശിച്ചു.
സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ലെന്നും, എ.കെ. ബാലന്‍ മുതല്‍ സജി ചെറിയാന്‍ വരെ എത്തിയപ്പോള്‍ പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും, എന്നാല്‍ അതിന് മുസ്ലിം ലീഗ് വഴങ്ങില്ലെന്നും സലാം വ്യക്തമാക്കി. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തുന്ന ശക്തി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. പി.ഡി.പി.ഐയെ കേരളത്തില്‍ വളര്‍ത്തിയത് ആരാണെന്നും, എസ്.ഡി.പി.ഐയെയും പി.ഡി.പി.ഐയെയും സംസ്ഥാനത്ത് വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.