Sports

സജനയുടെ വെടിക്കെട്ട്, ആർസിബിയുടെ കിടിലൻ ബൗളിംഗ് വനിതാ പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കം

By sreenitha

January 09, 2026

മുംബൈ: വനിതാ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പിന് ആവേശകരമായ തുടക്കം. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ഏറ്റുമുട്ടി. ടോസ് നേടിയ ആർസിബി മുംബൈയെ ബാറ്റിംഗിനയച്ചു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 154 റൺസ് നേടി.

മുംബൈ നിരയിൽ മലയാളി താരം സജന സജീവനാണ് ടോപ് സ്കോറർ. 25 പന്തുകളിൽ നിന്ന് 45 റൺസ് നേടിയ സജന വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ആർസിബിക്കായി നദീൻ ഡി ക്ലെർക്ക് നാല് വിക്കറ്റ് വീഴ്ത്തി. ശ്രേയങ്ക പാട്ടീലും ലോറൻ ബെല്ലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ ഗുണലൻ കമാലിനിയാണ് മികച്ച തുടക്കം നൽകിയത്. വനിതാ പ്രീമിയർ ലീഗിലെ താരത്തിന്റെ ആദ്യ മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 32 റൺസ് കമാലിനി നേടി. എന്നാൽ അമേലിയ കെറിന് തിളങ്ങാനായില്ല. 15 പന്തിൽ നാല് റൺസെടുത്ത അമേലിയയെ ലോറൻ ബെൽ പുറത്താക്കി. തുടർന്ന് നാല് റൺസ് മാത്രമെടുത്ത് നാറ്റ് സിവിയറും മടങ്ങി. നദീൻ ഡി ക്ലെർകിന്റെ പന്തിൽ റിച്ച ഘോഷിന്റെ സ്റ്റംപിങിലാണ് താരം പുറത്തായത്.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് കമാലിനി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 22 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ശ്രേയങ്ക പാട്ടീൽ കമാലിനിയെ ക്ലീൻ ബൗൾഡാക്കിയതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു. പിന്നീട് നദീന്റെ പന്തിൽ കീപ്പർ ക്യാച്ചിൽ ഹർമൻപ്രീതും പുറത്തായി. 17 പന്തുകളിൽ നിന്ന് 20 റൺസാണ് മുംബൈ ക്യാപ്റ്റൻ നേടിയത്.

മുൻനിര തകർന്ന മത്സരത്തിൽ മധ്യനിരയുടെ കരുത്തിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ചാം വിക്കറ്റിൽ സജന സജീവനും നിക്കോളാസ് കാരിയും ചേർന്ന് 49 പന്തുകളിൽ നിന്ന് 82 റൺസ് കൂട്ടിച്ചേർത്തത് നിർണായകമായി. പിന്നീട് ഇരുവരെയും നദീൻ ഡി ക്ലെർക്ക് പുറത്താക്കിയതോടെ മുംബൈ 154 റൺസിൽ ഒതുങ്ങി. അമൻജോത് കൗറും പൂനം ഖെമ്നാറും റൺസൊന്നും നേടാതെ പുറത്താവാതെ നിന്നു.