കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പ്രശസ്തമായ പുരസ്‌കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്‌റഫ് ഹകിമിയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിറുത്തിയത്. ഡിസംബറില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 29 ഗോളുമായി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.തുര്‍ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്‍ ഒസിമെന്‍ നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്.