kerala

കൊല്ലപ്പെട്ട സലാഹുദ്ദീന് കോവിഡ് പൊസിറ്റീവ് ആയതില്‍ ദുരൂഹതയെന്ന് എസ്ഡിപിഐ

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 09, 2020

കണ്ണൂര്‍: കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കോവിഡ് പോസീറ്റീവായതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ നേതാവ് നാസറുദ്ദീന്‍ എളമരം. പൊലീസിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ജനാസ അനുഗമിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒഴിവാക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമായാണ് കോവിഡ് പോസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് എസ്ഡിപിഐ ആരോപണം.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുറത്ത് വന്ന റിസള്‍ട്ട് ഇന്നലെ രാത്രി തന്നെ ചില മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടന്നും ഈ വിഷയത്തില്‍ ആസൂത്രിത കുപ്രചരണമാണ് നടക്കുന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു കോവിഡ് ടെസ്റ്റ് നടത്തിയിരുന്നത്.

കൂത്തുപറമ്പില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്ക് ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം ആസൂത്രിതമായി വെട്ടിക്കൊല്ലുകയായിരുന്നു. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.