മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലിഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാന്‍ (20) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം. ഈ ഉള്ളടക്കങ്ങള്‍ വില്‍പ്പന നടത്തി ഇയാള്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പോക്സോ നിയമം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍പ് മയക്കുമരുന്ന് കേസിലും പ്രതിയായിരുന്ന വ്യക്തിയാണ് സഫ്വാനെന്നും പൊലീസ് അറിയിച്ചു.