അവയവദാനത്തെ എതിര്‍ത്ത് നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനക്കെതിരെ സലീംകുമാര്‍ രംഗത്ത്. ശ്രീനിയേട്ടന്‍ പറഞ്ഞതില്‍ വിഷമമുണ്ടെന്ന് സലീംകുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സലീംകുമാര്‍ പറഞ്ഞത്.

‘എന്തുകൊണ്ടാണ് ശ്രീനിയേട്ടന്‍ അവയവദാനത്തെ എതിര്‍ത്ത് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം ആ പ്രസ്താവന. മറ്റൊരാളുടെ അവയവം സ്വീകരിച്ചയാളാണ് ഞാന്‍. ശ്രീനിയേട്ടന്റെ പ്രസ്താവന എനിക്ക് വിഷമമുണ്ടാക്കി. അവയവ ദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങള്‍ ദാനം ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് അവയവം സ്വീകരിക്കാന്‍ തയ്യാറാകുന്നത്. കൂടുതല്‍ സുതാര്യമാണ് ഇപ്പോള്‍ ഇന്ത്യയിലെ അവയവദാനം’.-സലീം കുമാര്‍ പറഞ്ഞു.

അവയദാനത്തിന് പിന്നില്‍ വന്‍തട്ടിപ്പുണ്ടെന്ന ശ്രീനിവാസന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അവയവം മാറ്റിവച്ചവര്‍ക്ക് സാധാരണ ജീവിതം സാധ്യമല്ലെന്നും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ ജീവിച്ചിരിപ്പെല്ലെന്നുമായിരുന്നു പ്രസ്താവന. ഹൃദയം മാറ്റിവച്ച ആള്‍ പരസ്യമായി രംഗത്ത് വന്നതോടെ ശ്രീനിവാസന്‍ പ്രസ്താവന തിരുത്തുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഇന്നസെന്റും രംഗത്തുവന്നിരുന്നു.