News

സാലിഹ് ജഫറാവിയുടെ പ്രസ് ജാക്കറ്റണിഞ്ഞ് ദൗത്യത്തിനൊരുങ്ങി സഹോദരന്‍

By webdesk17

October 16, 2025

ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന വാര്‍ത്ത സന്തോഷത്തോടെ ജനങ്ങളോട് വിളിച്ചു പറഞ്ഞതിനു പിന്നാലെ ഇസ്രാഈല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയുടെ പാത പിന്തുടരാന്‍ ഒരുങ്ങി സഹോദരന്‍. സാലിഹിന്റെ പ്രസ് ജാക്കറ്റ് ധരിച്ച അലി ജഫറാവിയുടെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. ഗസ്സയില്‍ തന്റെ സഹോദരന്‍ നടത്തിയിരുന്ന ദൗത്യം പിന്തുടരാന്‍ ഒരുങ്ങുകയാണ് അലി.

ഗസ്സയിലെ കുട്ടികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു സാലിഹ്. തന്റെ ദൗത്യത്തിനിടെ ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന് ഉറപ്പുണ്ടായിരുന്ന സാലിഹ് കുഞ്ഞു മക്കള്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്താണ് ലോകത്തുനിന്നും വിടവാങ്ങിയത്. അതിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മൂന്നാം ദിനം ഇസ്രാഈല്‍ സൈന്യം പിന്‍മാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു വര്‍ഷം നീണ്ടു നിന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ അന്ത്യം. സബ്ര മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അല്‍ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഘര്‍ഷ സ്ഥലത്തെ ട്രക്കിന് പിറകിലായി ‘പ്രസ്’ ജാക്കറ്റ് ധരിച്ച നിലയിലാണ് മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്.