ന്യൂഡല്‍ഹി: പാക് ഹൈകമ്മീഷന്‍ കേന്ദ്രമാക്കി ചാരപ്രവര്‍ത്തന.വുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ അറസ്റ്റിലായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു.
രാജ്യസഭാ എംപി മുന്നാബര്‍ സലിമിന്റെ സ്റ്റാഫ് ഫര്‍ഹത്തിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി വരികയാണെന്നു ക്രൈം ബ്രാഞ്ച് ഓഫീസര്‍ വ്യക്തമാക്കി. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്ത മെഹമൂദ് അക്തറുമായി ഫര്‍ഹതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മെഹമൂദ് അക്തറിനെയും രാജസ്ഥാന്‍കാരായ മൗലാന റംസാന്‍ സുഭാഷ് ജന്‍ഗീര്‍ എന്നവരെയും ബുധനാഴ്ചയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.