kerala

‘ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം തന്നെ’; അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്‌ലിം ലീഗ്

By Akhila

May 06, 2026

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ഡിഎംകെ വിട്ട് വിജയിയുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന്  മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.

‘ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും’ എന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഡിഎംകെ സഖ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.