ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് വാങ്ങുന്നവര്‍ക്ക് ഡബിള്‍ ഡാറ്റാ ഓഫര്‍ വാഗ്ദാനവുമായി റിയലന്‍സ് ജിയോ. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. സാംസങ് പുതിയ മോഡലുമായി രംഗത്തെത്തുമ്പോള്‍ ആകര്‍ഷണ ഓഫറുമായി ജിയോയും കൈകോര്‍ക്കുന്നു.

ഗാലക്‌സി എസ്8, എസ്8 പ്ലസ് മൊബൈലില്‍ ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 8 മാസത്തേക്ക് 448 ജിബി 4ജി ഡാറ്റയാണ് 309 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ ലഭ്യമാവുന്നത്. ഒരു ദിവസം 2ജിബി എന്ന തോതില്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്താമെന്നതും പ്രത്യേകതയാണ്. ജിയോ ധന്‍ ധനാ ധന്‍ ഓഫറിന് പിന്നാലെ സാംസങുമായി ഒരുമിച്ച് കൊണ്ടുള്ള ഓഫറിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 309 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് സൗജന്യ സേവനമെന്നാണ് റിയലന്‍സ് പറയുന്നത്. ഓരോ മാസവും 28 ജിബിയാണ് ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം ലഭിക്കുന്നതെങ്കില്‍ പുതിയ ഓഫര്‍ പ്രകാരം 56 ജിബിയാണ് നേടാനാവുക. 309 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 8 മാസം ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കുമെന്നതാണ് ഉപഭോക്താക്കള്‍ക്ക ഇരട്ടി സന്തോഷം നല്‍കുക.