കാസര്‍കോഡ്: ഒരാഴ്ച്ചത്തെ നീണ്ട തിരച്ചിലിന് ശേഷം സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കാണാതായതു മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലില്‍ കുടുംബത്തിനൊപ്പം ആ നാടുമുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന അവസാന പ്രതീക്ഷയും വെറുതെയാക്കി സനയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാടിന്റെയൊന്നാകെയുള്ള പ്രാര്‍ത്ഥനകള്‍ വിഫലമായി പുഴയില്‍ നിന്നും ഉച്ചക്കുശേഷം സനയുടെ മൃതദേഹം കണ്ടെടുത്തു. സനയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുമെന്ന് രാജപുരം എസ്.ഐ അറിയിച്ചു.

പുഴയില്‍ ഒലിച്ചുപോയതാകാമെന്ന സംശയത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ ഗാര്‍ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയിലും കുട്ടി ഒലിച്ചുപോയെന്ന് സംശയിക്കുന്ന ഓവുചാലിലും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ദുരന്തനിവാരണസേനയും പാണത്തൂരെത്തി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. പവിത്രംകയത്ത് പുഴയുടെ അടിത്തട്ടില്‍ നിന്നും മൃതദേഹം ഇന്ന് കണ്ടെത്തി.

ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് വ്യാഴാഴ്ച വൈകിട്ടാണ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സനയെ കാണാതാവുന്നത്.തിരച്ചില്‍ തുടരുമ്പോഴും കുഞ്ഞിനെ കണ്ടു കിട്ടാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയും ഉണ്ടായിരുന്നു. കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയതോടെ പോലീസ് വെട്ടിലായി. കുട്ടിയെ കണ്ടുകിട്ടിയെന്ന വാട്‌സ്അപ്പ് സന്ദേശവും ഇതിനിടെ പരന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. സന്ദേശം വന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് തെറ്റായ സന്ദേശം അയച്ചതിന് ക്ഷമാപണവും നമ്പറില്‍ നിന്ന് വന്നു. കുട്ടിയെ കണ്ടെത്താന്‍ അയല്‍വീടുകളില്‍ അന്വേഷണം നടത്തണമെന്ന വീട്ടുകാരുടെ ആവശ്യം പോലീസ് തള്ളിക്കളഞ്ഞതായും വീട്ടുകാര്‍ ആരോപിച്ചിരുന്നു.