മുംബൈ: ഇനി സിനിമയില്‍ അഭിനയിക്കാനില്ല എന്ന സന ഖാന്റെ വാര്‍ത്ത കേട്ടാണ് ഇന്ന് ബോളിവുഡ് ഉണര്‍ന്നത്. സമ്പൂര്‍ണമായി ആത്മീയ മാര്‍ഗം സ്വീകരിക്കുന്നു എന്നും സ്രഷ്ടാവിന്റെ കല്പനയ്‌ക്കൊത്ത് മനുഷ്യത്വത്തിനു വേണ്ടി ഇനിയുള്ള കാലം ജീവിക്കുമെന്നും അവര്‍ പറഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് സന ഖാന്‍ അഭ്രപാളിയുടെ നിറക്കൂട്ട് ഉപേക്ഷിച്ചു തിരികെ പോകുന്നത്.

ബോളിവുഡില്‍ നിന്ന് ആത്മീയമാര്‍ഗത്തിലേക്ക് തിരിയുന്ന രണ്ടാമത്തെ നടിയാണ് സന ഖാന്‍. ആദ്യത്തേത് കശ്മീരിയായ സൈറ വസീമാണ്. വിശ്വാസത്തില്‍ നിന്ന് അകന്നു പോകുന്നു എന്നും അതു കൊണ്ടു തന്നെ സിനിമാഭിനയം നിര്‍ത്തുകയാണ് എന്നുമാണ് സൈറ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇത്.

‘സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതമാകെ മാറിപ്പോയി. അജ്ഞത കൊണ്ട് ഈമാനില്‍ നിന്ന് അകലുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചെങ്കിലും നിശ്ശബ്ദമായും അറിയാതെയും താന്‍ ഈമാനില്‍ നിന്ന് അകലുകയായിരുന്നു’ – എന്നായിരുന്നു അവരുടെ വാക്കുകള്‍.

സൈറ വസീം

കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡ് രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. മൂന്നാമത് ചിത്രം ‘ദ സ്‌കൈ ഈസ് പിങ്ക്’ പുറത്തിറങ്ങുന്നതിന് മുമ്പാണ് അവര്‍ അഭിനയ ജീവിതം അവസാനിപ്പിച്ചത്.

സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്‌ലാം എന്നു പറഞ്ഞാണ് സന ഖാന്‍ അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്ന് താരം പറയുന്നു.

സന ഖാന്‍

‘ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍ ചലച്ചിത്ര വ്യവസായത്തിലൂടെയാണ് ജീവിതം നയിക്കുന്നത്. ഈ സമയത്ത് എന്റെ എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ആരാധകരോട് ഞാന്‍ അവരോട് നന്ദിയുള്ളവനാണ്’ – അവര്‍ വ്യക്തമാക്കി.