india

വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം

By webdesk13

January 29, 2025

വഖഫ് ബോര്‍ഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കി മഹാ കുംഭ ധര്‍മ സന്‍സദ്.

മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാന്‍ സനാതന്‍ ബോര്‍ഡിന് അധികാരം ഉണ്ടെന്നും സനാതന്‍ ധര്‍മ സന്‍സദില്‍ പറയുന്നുണ്ട്.

കൂടാതെ സനാതന്‍ ബോര്‍ഡിന് സ്വന്തം ജഡ്ജിമാര്‍ ഉണ്ടെന്നും, ഫണ്ടുകളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും നിയമ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് സന്‍സദില്‍ പറയുന്നു.

‘ഞങ്ങള്‍ മറ്റ് കോടതികളില്‍ പോകില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കോടതികള്‍ ഉണ്ടാകും, ‘ കാണ്‍പൂരില്‍ നിന്നുള്ള സ്വയം ദര്‍ശകനായി അവകാശപ്പെടുന്ന ബാലയോഗി അരുണ്‍ പുരി പറഞ്ഞു. സനാതന്‍ ബോര്‍ഡ് ട്രിബ്യൂണലിന് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ ‘നിര്‍ബന്ധിതമായി കൈവശപ്പെടുത്തിയ’ ഭൂമി തിരിച്ചെടുക്കാനും സനാതന വിരുദ്ധമായ സിനിമകള്‍, പ്രസ്താവനകള്‍, കോമഡികള്‍ എന്നിവയ്‌ക്കെതിരെയും മതനിന്ദയ്‌ക്കെതിരെയും നിയമം കൊണ്ടുവന്ന് ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്നും സന്‍സദില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി പാര്‍ലമെന്റ് അംഗം ഹേമമാലിനി, തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പിയുടെ വിവാദ എം.എല്‍.എ ടി.രാജ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി, മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ക്ക് പ്രസിദ്ധനും അയോധ്യയിലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയുമായ മഹന്ത് രാജു ദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മഹാ കുംഭമേള കാണാനെത്തിയവരോട് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിമയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതിന് മഹന്ത് രാജു ദാസ് നിയമനടപടി നേരിടുകയാണ്.

ഇന്ത്യയിലെ 13 ഹിന്ദു വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ അഖില്‍ ഭാരതീയ അഖാര പരിഷത്ത് കേന്ദ്രീകൃത ‘സനാതന്‍ ബോര്‍ഡ്’ എന്ന ആശയത്തിന് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതിന് ശേഷമാണ് സനാതന്‍ ധര്‍മ സന്‍സദ് വിളിച്ചുകൂട്ടിയത്. വഖഫ് ബോര്‍ഡുകള്‍ വഴി ഇന്ത്യയിലെ മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടന്നതായി ധര്‍മ്മ സന്‍സദിന്റെ സംഘാടകന്‍ ദേവകിനന്ദന്‍ താക്കൂര്‍ ആരോപിച്ചു.

‘ഇവിടെയെത്തിയ ഹിന്ദുക്കളേ, ഇന്ത്യ മുഴുവന്‍ തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് പറയുകയും ഭൂമി മുഴുവന്‍ അവകാശപ്പെടുകയും ചെയ്യുന്ന ദിവസം, നമുക്ക് എന്ത് സംഭവിക്കും? നമ്മള്‍ എവിടെ പോകും. എന്തുകൊണ്ടാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്കായി ഹിന്ദു ബോര്‍ഡുകള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ഉള്ളത്, ‘ താക്കൂര്‍ പ്രകോപനപരമായി ചോദിച്ചു. ഹിന്ദുക്കള്‍ ഹിന്ദുക്കളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഠാക്കൂര്‍ പറഞ്ഞു.

ഹിന്ദുക്കള്‍ സനാതന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ നിമജ്ജനം വേണമെന്ന് അയോധ്യയിലെ ജഗദ്ഗുരു ബല്ലഭദാസ് മഹാരാജ് പറഞ്ഞു. ‘ഒരു മുള്ള് നമ്മോടൊപ്പം നടന്നാല്‍, അത് എപ്പോള്‍ വേണമെങ്കിലും നമ്മെ കുത്താം. വഖഫ് ബോര്‍ഡ് ഇല്ലാതായാല്‍ ലൗ ജിഹാദ് അവസാനിക്കും. ഇന്ത്യയിലുടനീളമുള്ള നമ്മുടെ തീര്‍ത്ഥ സ്ഥലങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് പകരം നിര്‍മ്മിച്ച എല്ലാ പള്ളികളും ക്ഷേത്രങ്ങളായി തുടരും, പള്ളികള്‍ ഇല്ലാതാകും,’ ബല്ലഭദാസ് പറഞ്ഞു.