india

വെട്ടലും തിരുത്തലും : ദ കേരള (fake) സ്‌റ്റോറി -സംഘപരിവാരത്തിന്റെ തനിനിറം വീണ്ടും തെളിഞ്ഞു

By Chandrika Web

May 03, 2023

കെ.പി ജലീല്‍

മഹാമണ്ടത്തരം പരസ്യമായി വിളമ്പുക. പിന്നീട് ശാസ്ത്രീയവും ജനകീയവുമായ പ്രതിഷേധങ്ങളുയരുമ്പോള്‍ ഒന്നുകില്‍ മൗനം പാലിക്കുകയോ തിരുത്തുകയോ ചെയ്യുക. ഇതാണ് സംഘപരിവാര്‍ ശൈലി. ഇത് ഇവിടെയും സംഭവിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കഥയില്‍തിരുത്തലുകളുമായി സംഘപരിവാരം രംഗത്തുവന്നത്. നാളെ സിനിമ റിലീസാകാനിരിക്കെ മണ്ടത്തരം പുറത്തറിയുമെന്ന് വ്യക്തമായതോടെയാണ് തിരുത്തല്‍ നടപടി. തിരുത്തുന്നത് മണ്ടത്തരം ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദമെന്ന് കരുതി പൊതുജനത്തിന് സമാധാനിക്കുകയേ നിവൃത്തിയുളളൂ. കഴിഞ്ഞമാസമാണ് ദ കേരള സ്റ്റോറി എന്ന പേരിലുള്ള സിനിമയുടെ ട്രെയിലര്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പുറത്തിറക്കിയത്. സിനിമ നിര്‍മിച്ചതുതന്നെ അത്തരക്കാരായിരുന്നു. സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്ന ബംഗാളി തനി സംഘപരിവാര രാഷ്ട്രീയക്കാരനും. ഇതില്‍ 32000 കേരളീയരെ മതംമാറ്റി സിറിയയില്‍ ഭീകരപ്രവര്‍ത്തനത്തിനയച്ചുവെന്നും കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെയാണ് സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ അവര്‍ നോക്കിയത്. സിനിമ ഇറങ്ങിയാല്‍ അതിലൂടെ മതേതരവിശ്വാസികളായ കേരളീയരെയും പുറം ലോകത്തെയും സംഘപരിവാറിന് അനുകൂലമാക്കാമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലുമറിയാവുന്നതാണ് സംസ്ഥാനത്തെ മതസൗഹാര്‍ദവും തീവ്രവാദത്തോട് മുസ്്‌ലിംകള്‍ സ്വീകരിക്കുന്ന നിലപാടുകളും. ഇതോടെയാണ് സിനിമ തിരിച്ചടിക്കുമെന്ന തിരിച്ചറിവിലേക്ക് അവരെത്തിയത്. വലിയ പ്രതിഷേധം മുസ്്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍നിന്നുമുണ്ടായതോടെ നില്‍ക്കക്കള്ളിയില്ലാതെയായി . തെളിവ് ഹാജരാക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് വെല്ലുവിളിയും ഇനാമുമായി രംഗത്തുവന്നതോടെയാണ് അവര്‍ പത്തിചുരുട്ടിയത്. കേരളമറിയാത്ത, കേരളീയരെ അറിയാത്തവരുടെ നുണക്കഥ കേരളത്തിന്റെ പേരില്‍ ഇറങ്ങുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോഴും മലയാളികളായ സംഘപരിവാരം ആര്‍ത്തട്ടഹസിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ 32000 പേരുടെ തെളിവുണ്ടെന്ന ്പറഞ്ഞവര്‍ കേരളത്തെക്കുറിച്ചല്ല, ലോകത്തെ മൊത്തം മതംമാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെന്നായി. മുസ്്‌ലിം വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന യുക്തിവാദികളുടെ ഒരു വിഭാഗവും സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതും പരിഹാസ്യമായി. ഇതോടെയാണ് സിനിമ പുറത്തിറങ്ങാന്‍ രണ്ടുദിവസം മാത്രമിരിക്കെയുള്ള തിരിച്ചുപോക്ക്. 32000 എന്നത് മൂന്ന് എന്നാക്കി ചുരുക്കിയാണ് യൂട്യൂബ് ട്രെയിലര്‍ തിരുത്തിയിരിക്കുന്നത്. പശുമൂത്രത്തില്‍ വിഷമാണെന്നും അത് കഴിക്കരുതെന്നും ശാസ്ത്രീയ ഗവേഷകസംഘം പറഞ്ഞപ്പോഴും അത് ശരിയല്ലെന്ന വാദവുമായി രംഗത്തുവന്നവരാണ് സംഘപരിവാരത്തിന്റെ ശാസ്ത്രീയസംഘം. മുസ്്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞ വിചാരധാര തിരുത്തിയെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നു. ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ആക്രമിച്ചവര്‍ അവരുടെ രക്ഷകരായി ഇപ്പോള്‍ അവതരിക്കുന്നു. കുറക്കന്‍ കോഴികളുടെ സംരക്ഷകനാകുന്ന അവസ്ഥ ! മയില്‍ ബീജം കൊത്തിയാണ് പ്രത്യുല്‍പാദനം നടത്തുന്നതെന്നും പശുവിന്റെ ഗ്യാസില്‍ ഗുണകരമായ വാതകങ്ങളുണ്ടെന്നും വിമാനം കണ്ടുപിടിച്ചത് പുരാണത്തിലാണെന്നുമെല്ലാം പറഞ്ഞ് അത് പ്രചരിപ്പിക്കാന്‍ നോക്കുമ്പോള്‍ അവയെല്ലാം കണ്ണടച്ച് വിഴുങ്ങാന്‍ ഹിന്ദിബെല്‍റ്റ് സംസ്ഥാനങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ജനതയെ കിട്ടുമ്പോള്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും അതിന് വേറെ ആളെ നോക്കണമെന്ന് പറയുന്നിടത്താണ് മോദിസത്തിന്റെ പരാജയം. ഇവര്‍ തന്നെയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറി കോടികള്‍ അദാനിമാരുടെ അക്കൗണ്ടിലിട്ടുകൊടുത്തത്. കള്ളപ്പണം വെളുപ്പിക്കാനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാരെ വളര്‍ത്തിയത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് തൊഴിലാളികളെയും പാവപ്പെട്ടവരെയും കുരുതികൊടുത്തത്. തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്‍ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന പഴമൊഴിയും ഓര്‍ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!