മുംബൈ: ടീം ഫിറ്റ്‌നെസ് ഉറപ്പാക്കാനായി ബിസിസിഐ വീണ്ടും ഏര്‍പെടുത്തിയ രണ്ടു കിലോമീറ്റര്‍ ഓട്ടം തോറ്റ് മലയാളി താരം സജ്ഞു സാംസണ്‍ ഉള്‍പെടെ ആറു പേര്‍. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരംഭിച്ച ഫിറ്റ്‌നസ് റണ്‍’ പരാജയപ്പെട്ടത്.

പുതുതായി ഉള്‍പെടുത്തിയതായതിനാല്‍ എല്ലാവര്‍ക്കും ഫിറ്റ്‌നെസ് ഉറപ്പാക്കാന്‍ രണ്ടാമതും അവസരം നല്‍കും. അതിലും പരാജയമായാല്‍ ഇംഗ്ലണ്ടിനെതിരായ വരുന്ന മൂന്ന് ഏകദിനങ്ങള്‍, അഞ്ച് ട്വന്റി20കള്‍ എന്നിവയടങ്ങിയ വൈറ്റ്ബാള്‍ പരമ്പരയില്‍ ഇവര്‍ക്ക് ഇടം അപകടത്തിലാകും.

അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ സാംസണ്‍ അംഗമായിരുന്നു.

20ലധികം താരങ്ങള്‍ക്കാണ് യോയോ ടെസ്റ്റും രണ്ടു കിലോമീറ്റര്‍ ഓട്ടവും നടത്തി ഫിറ്റ്‌നസ് പരിശോധിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലുള്‍പെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പരിശോധന.