Sports

‘സഞ്ജു കഴിവ് തെളിയിച്ചവന്‍, അവസരങ്ങള്‍ നല്‍കണം’; താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

By Akhila

January 28, 2026

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു സാംസണെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നും, അതിന് ശേഷമേ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താവൂ എന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിലവിലെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് സഞ്ജുവിന് 16 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന മത്സരത്തില്‍ താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഇഷാന്‍ കിഷനെ സഞ്ജുവിന് പകരം ഓപ്പണറായി ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് കൈഫിന്റെ പിന്തുണ.

ഒരു അന്തിമ തീരുമാനത്തിന് മുന്‍പ് സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കൂടി നല്‍കണമെന്നും, തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തത് ഒരു ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുമെന്നും കൈഫ് പറഞ്ഞു. അഞ്ച് ഇന്നിംഗ്‌സുകളെങ്കിലും നല്‍കണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു മികച്ച കഴിവുള്ള കളിക്കാരനാണെന്നും, ഈ ഘട്ടത്തില്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണ അത്യാവശ്യമാണെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. എല്ലാ കളിക്കാരും എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഇതിനകം തന്നെ 3-0ന് മുന്നിലാണ്. ശേഷിക്കുന്ന നാല്, അഞ്ച് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് താരത്തിന് നിര്‍ണായകമായ വെല്ലുവിളിയാകും.