Sports

സെലക്ടര്‍മാര്‍ക്കുള്ള സഞ്ജുവിന്‌റെ മറുപടി; ഓപണിങ് കുപ്പായത്തില്‍ വീണ്ടും സെഞ്ച്വറി

By webdesk18

January 03, 2026

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ഓപണിങ് കുപ്പായത്തില്‍ സഞ്ജുവിന് വീണ്ടും സെഞ്ച്വറി. കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിലാണ് സെഞ്ച്വറി. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹന്‍ എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി കുറിച്ചത്. മത്സത്തില്‍ കേരളം എട്ടുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

സഞ്ജു സാംസണിന്റെ വരവ് ആഘോഷമാക്കികൊണ്ടായിരുന്നു കേരളം ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. കുമാര്‍ കുശാഗ്രയുടെ സെഞ്ച്വറി മികവില്‍ (143 നോട്ടൗട്ട്) മികവിലാണ് ജാര്‍ഖണ്ഡ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം 42.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ഓപണിങ് വിക്കറ്റില്‍ സഞ്ജുവും രോഹനും ചേര്‍ന്ന് റണ്‍ വേട്ട തുടങ്ങി. ഒന്നാം വിക്കറ്റില്‍ 212 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും വഴിപിരിഞ്ഞത്. 25 ഓവറില്‍ സ്‌കോര്‍ 200 കടത്തിയ ശേഷമാണ് രോഹന്‍ (124 റണ്‍സ്) പുറത്തായത്. 78 പന്തില്‍ 11 സിക്‌സുമായാണ് രോഹന്‍ കുന്നുമ്മല്‍ 124 റണ്‍സടിച്ചെടുത്തത്. പിന്നാലെ, സഞ്ജു സാംസണും സെഞ്ച്വറി തികച്ചു. 95പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ബൗണ്ടറിയുമായി സഞ്ജു 101റണ്‍സെടുത്ത് പുറത്തായി. പിന്നാലെ,ക്രീസിലെത്തിയ ബാബ അപരാജിതും (41), വിഷ്ണു വിനോദും (40)ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചു.

ട്വന്റി20 ക്രിക്കറ്റില്‍ ഓപണിങ് വേഷത്തില്‍ ഇന്ത്യക്കായി കളിച്ച് സെഞ്ച്വറി നേടുന്നത് പതിവാക്കിയ സഞ്ജു സാംസണ്‍ കേരളത്തിനായി ഏകദിനത്തിലും ഓപണിങ്ങ് റോള്‍ ഗംഭീരമാക്കുന്നതാണ് ശനിയാഴ്ച അഹമ്മദബാദില്‍ കണ്ടത്. ഗ്രൂപ്പ് ‘എ’യില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ചു മത്സരങ്ങളില്‍ രണ്ട് കളിയില്‍ കേരളം തോറ്റിരുന്നു. ത്രിപുര, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരായിരുന്നു വിജയം. മധ്യപ്രദേശിനോടും, കര്‍ണാടകയോടും തോറ്റു. മൂന്നാം ജയവുമായി പോയന്റ് പട്ടികയിലും മൂന്നാം സ്ഥാനത്തേക്ക് കയറി.