kerala

സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍

By webdesk18

May 29, 2025

ഇടുക്കിയില്‍ ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.

17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.

ചെറിയ മഴയില്‍ തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.