ചെന്നൈ:എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ചുള്ള പ്രമേയം പാസാക്കി. രാവിലെ ഒന്‍പതരക്ക് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്തരിച്ച ജയലളിതക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.

ജയലളിതയുടെ തോഴി ശശികല ജനറല്‍ സെക്രട്ടറിയാവുന്നതിന് രാജ്യസഭാ എംപി ശശികലക്കും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ശശികല പുഷ്പയുടെ ഭര്‍ത്താവിനും അഭിഭാഷകനും പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. ശശികല നടരാജന്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുന്നത് ചോദ്യം ചെയ്ത് ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല എംപി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ എതിര്‍പ്പിനെ മറികടന്ന് ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്.