സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസര്‍ക്കോട് കുണിയയില്‍ തുടക്കം. 1926ല്‍ രൂപീകൃതമായ സമസ്ത ഒരു നൂറ്റാണ്ടായി നിര്‍വഹിച്ചുപോരുന്ന മതപ്രബോധന ദൗത്യത്തിന്റെ നേര്‍ സാക്ഷ്യമായി ഇനിയുള്ള അഞ്ച് ദിനങ്ങള്‍ അത്യുത്തര കേരളം മാറും. കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ഇന്നു മുതല്‍ എട്ടുവരെയാണ് അന്താരാഷ്ട്ര മഹാസമ്മളനം.
കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകകളുമായി ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയി ലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകള്‍ കൂടി ഉയര്‍ത്തും.
രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ് റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും.
കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും. സമസ്ത ശതാബ്ദി യോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ ഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരന്‍ എം.പി, എം.എല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥി കളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും