കരിപ്പൂർ: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. 2020 ഓഗസ്റ്റിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ ഫെബ്രുവരി ഒന്നുമുതൽ വീണ്ടും ആരംഭിക്കും. ആദ്യഘട്ടമായി റിയാദ്–കോഴിക്കോട് സെക്ടറിലേക്കാണ് സർവീസ്. ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
മലബാറിലെ പ്രവാസികളും ഹജ്ജ്-ഉംറ തീർത്ഥാടകരും ഏറെക്കാലമായി ഉറ്റുനോക്കിയിരുന്ന തീരുമാനമാണിത്. വിമാനാപകടത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. റൺവേ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് ഇപ്പോൾ സർവീസിനായി ഉപയോഗിക്കുക.
ആഴ്ചയിൽ നാല് സർവീസുകളോടെയാകും തുടക്കം. പിന്നീട് ഇത് ആഴ്ചയിൽ ആറായി വർധിപ്പിക്കാനാണ് തീരുമാനം. പുലർച്ചെ 1.20ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9.45ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.50ന് റിയാദിലെത്തുന്ന രീതിയിലാണ് സമയക്രമം.
റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദ–കോഴിക്കോട് സർവീസുകളും ആരംഭിക്കുമെന്ന സൂചനകളുണ്ട്. പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരം ലഭിക്കാനുമാണ് പ്രതീക്ഷ.