റിയാദ്: സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളില്ലെന്ന് ആരോഗ്യമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 317,005 പേരാണ് അസുഖം ഭേദമായി ആശുപത്രികളില്‍ നിന്ന് തിരിച്ചു പോയത്. 333,193 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ദിനംപ്രതിയുള്ള കോവിഡിന്റെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. ജൂണ്‍ മധ്യത്തില്‍ നാലായിരം കടന്ന പോസിറ്റീവ് കേസുകളാണ് ഇപ്പോള്‍ ശരാശരി അഞ്ഞൂറിലെത്തിയത്. ഞായറാഴ്ച 403 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 600 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

അതിനിടെ, 2021 ജനുവരിയോടെ തന്നെ രാജ്യത്തേക്കുള്ള സന്ദര്‍ശക വിസകള്‍ പുനഃരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖതീബ് വ്യക്തമാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് 15നാണ് രാജ്യം അതിര്‍ത്തികള്‍ അടച്ചിരുന്നത്.