Connect with us

gulf

സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി മൂന്ന് കോടിയുടെ ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത്

ആയിരക്കണക്കിന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ച സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും

Published

on

മുറാസില്‍

റിയാദ്: ആയിരക്കണക്കിന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ച സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള 2021 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം കോട്ടക്കുന്നില്‍ ഭാഷ സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.
മരിച്ച അമ്പത് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള വിഹിതമടങ്ങുന്ന ചെക്ക് ഇവര്‍ നേരത്തെ അംഗത്വമെടുത്തിരുന്ന വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികള്‍ക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ മുസ്ലിംലീഗ് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും സഊദി കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ മുസ്ലിംലീഗ് നേതാക്കളയായ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എല്‍ എ , ഇ ടി മുഹമ്മദ്ബഷീര്‍ എം.പി, പി വി അബ്ദുല്‍ വഹാബ് എം.പി , കെ.പി.എ മജീദ് എം എല്‍ എ , എം കെ മുനീര്‍ എം എല്‍ എ , പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, കെ എം ഷാജി , സി പി ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, ഷാഫി ചാലിയം , പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ്, സി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് ബാധിച്ച് മരണപ്പെട്ട പതിമൂന്ന് പേരടക്കം ഇക്കൊല്ലം സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പത് പേരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യ വിതരണമാണ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ വെച്ച് മലപ്പുറത്ത് നടക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യ വര്‍ഷം അംഗങ്ങളായവര്‍ക്ക് മൂന്ന് ലക്ഷവും, രണ്ട് മുതല്‍ ഏഴ് വര്ഷം വരെയായവര്‍ക്ക് ആറ് ലക്ഷവും എല്ലാവര്‍ഷവും അംഗങ്ങളായവര്‍ക്ക് പത്ത് ലക്ഷവുമാണ് മരണാനന്തര ആനുകൂല്യങ്ങളായി വിതരണം ചെയ്യുക. പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി ഇരുപത്തി അഞ്ച് പേര്‍ക്കുള്ള അംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും വിതരണം ചെയ്യും.

പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലയളവിലും ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഊദി കെ.എം.സി.സിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലാണ് സുരക്ഷാപദ്ധതിയുടെ വിജയകരമായ എട്ട് വര്‍ഷത്തെ പ്രയാണം. എട്ട് വര്‍ഷത്തിനിടയില്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1139 പേര്‍ക്ക് ഇതിനകം ചികിത്സാ സഹായവും നല്‍കി. ഇക്കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ മുപ്പതോളം കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് ട്രസ്റ്റ് വഴി ഇക്കാലയളവില്‍ നല്‍കിയത്.

സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കഠിനാധ്വാനം ചെയ്തു കഴിയുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി തങ്ങളുടെ കുടുംബത്തിന് ആശ്രയമാകുന്ന വിധം പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് സഊദി നാഷണല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി. സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരില്‍ റെജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും അമ്പത്താറായിരത്തോളം അംഗങ്ങളാണ് പദ്ധതിയില്‍ ഇക്കൊല്ലം ചേര്‍ന്നിട്ടുള്ളത്.

അടുത്ത 2022 വര്‍ഷത്തെ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച്, ഡിസംബര്‍ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്‍ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്‍ സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കീഴ്ഘടകങ്ങള്‍ മുഖേനെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്‍ സാധിക്കുന്നതാണ്.

കോവിഡ് മൂലം ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രവാസ ലോകത്തും നാട്ടിലും കാരുണ്യകടല്‍ തീര്‍ത്ത സഊദി കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കി വരുന്നത്. ഇക്കാലയളവില്‍ സഊദി കെഎംസിസിയുടെ കീഴിലുള്ള മുപ്പത്തി എട്ടോളം സെന്‍ട്രല്‍ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവര്‍ണ്ണനീയമാണ് . ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തില്‍ കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിങ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് ,ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending