റിയാദ്: ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേവഴി തേടാന്‍ തങ്ങളും മടിക്കില്ലെന്ന് സൗദി അറേബ്യ. ആണവായുധം നിര്‍മിക്കാന്‍ സൗദിക്ക് താല്‍പര്യമില്ല. എന്നാല്‍ ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങള്‍ ആണവായുധം നിര്‍മിക്കുമെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സി.ബി.എസിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സൗദി-ഇറാന്‍ ഉഭയകക്ഷി ബന്ധം സിറിയ, യെമന്‍ ആഭ്യന്തര സംഘര്‍ഷത്തോടെയാണ് കൂടുതല്‍ മോശമായത്. ഈ രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. ആണവ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണവുമായി മുന്നോട്ടുപോകുന്ന ഇറാനെ സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതിനിടെ പെട്രോളിയം ഉല്‍പന്നങ്ങളിലെ അമിത ആശ്രയത്വം അവസാനിപ്പിക്കാന്‍ ആണവ ഇന്ധനത്തിന് പ്രാധാന്യം നല്‍കിവരികയാണ് സൗദി. ഇതിന്റെ ഭാഗമായി സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കാനുള്ള നയത്തിന് സൗദി മന്ത്രിസഭ അടുത്തിടെ അനുമതി നല്‍കിയിരുന്നു.