Film

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന്‍ ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം

By webdesk17

December 30, 2025

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്. അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.

തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്‌സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

ചെറിയ തുകയ്ക്ക് ലാപ്‌ടോപ്പും മൊബൈലും ലേലം ചെയ്‌തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.