തിരുവനന്തപുരം: തിരുവനന്തപുരം സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. നാല് പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവരില്‍ രണ്ട് പേരാണ് കസ്റ്റഡിയിലായത്.

ഇവര്‍ രണ്ട് പേരും കീഴടങ്ങിയെന്നാണ് സൂചന. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ എന്‍.ജി.ഒ നേതാക്കളായ ഇ. സുരേഷ് ബാബു, സുരേഷ് എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇരുവരും ഇതുവരെ കീഴടങ്ങിയിട്ടില്ല.

ഇന്നലെ രാവിലെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇവര്‍ ബാങ്ക് അടക്കണമെന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.