india

പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

By webdesk14

March 22, 2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

”പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക ഇതൊന്നും പോരാത്തതിന് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്‍ഡ്യ മുന്നണി നല്‍കും” രാഹുല്‍ ഗാന്ധി എക്‌സില്‍ ട്വീറ്റ് ചെയ്തു. പരിശോധനയോ അറസ്‌റ്റോ നേരിടേണ്ടി വന്നത് പ്രതിപക്ഷം മാത്രമാണെന്ന് എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.” ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ഫാസിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ നിന്ദ്യമായ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്” അദ്ദേഹം കുറ്റപ്പെടുത്തി.