india

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

By webdesk13

January 29, 2024

കര്‍ണാടകയില്‍ സ്‌കൂള്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അളഗൂരിലെ വര്‍ധമാന്‍ മഹാവീര്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കവതഗി ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.