മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയ അപകടത്തില്‍ ഒരാള്‍ മരിച്ചു. കടയില്‍ സാധനം വാങ്ങാനായി എത്തിയ വിജയന്‍ (60) ആണ് മരിച്ചത്. അപകടം എടപ്പാളിലെ കണ്ടനകത്ത് ഇന്ന് രാവിലെ സംഭവിച്ചു.
ദാറുല്‍ ഹുദാ സ്‌കൂളിന്റെ ബസാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.