ചെന്നൈ : കോവിഡ് വ്യാപനം കണത്തിലെടുത്ത് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ്. 9, 10, 11 ക്ലാസ്സുകളിലെ പഠനമാണ് സംസ്ഥാനത്ത് നടന്നു വന്നിരുന്നത്.

അതേസമയം ഓണ്‍ലൈന്‍ പഠനം തുടര്‍ന്നും നടക്കുമെന്ന് സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡിന്റേതല്ലാത്ത, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഈ പരീക്ഷകള്‍ക്കായുള്ള സ്‌പെഷല്‍ ക്ലാസ്സുകള്‍, ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയും തുടരാന്‍ അനുവദിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.