Education

സ്‌കൂള്‍ തുറക്കലും പരീക്ഷയും സംബന്ധിച്ച് വ്യക്തതയായി; ഇന്നു ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ

By web desk 1

December 17, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം.

തീരുമാനങ്ങള്‍ ഇങ്ങനെ:

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും.

മാര്‍ച്ച് 30 വരെ ആയിരിക്കും പരീക്ഷകള്‍ നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പരീക്ഷക്കു വരേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയായിരിക്കും പരീക്ഷക്കുള്ള സൗകര്യങ്ങളുമൊരുക്കുക.

മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.

പകുതി വീതം വിദ്യാര്‍ഥികളെ വച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചക്കു ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും.

മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.