കാലം തെറ്റി വന്ന വസന്തം പോലെ ദീര്‍ഘിച്ചൊരു ഇടവേളക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് വീണ്ടും സജീവമാകുകയാണ്. കോവിഡിന്റെ കരിമേഘങ്ങള്‍ ആശങ്കയുടെ നിഴല്‍ പരത്തുമ്പോഴും വീടിന്റെ അകത്തളങ്ങള്‍ ഉപേക്ഷിച്ച് കുട്ടിക്കൂട്ടങ്ങള്‍ പ്രതീക്ഷയുടെ പുലരി തേടി പറന്നുതുടങ്ങുന്നു. പ്രവേശനോത്സവത്തിന്റെ ആഹ്ലാദാരവങ്ങള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍ മുഴങ്ങുന്ന ഫസ്റ്റ് ബെല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിനെ സന്തോഷത്തിന്റെ മണിനാദമായി തഴുകിയുണര്‍ത്തുകയായി. ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം പരിചിതമല്ലാത്ത ചിട്ടവട്ടങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കേരളം കാത്തിരുന്ന നിമിഷത്തിനാണ് ഇന്ന് സാക്ഷിയാകുന്നത്. വിദ്യയുടെ മധു നുകര്‍ന്ന് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കാന്‍ നമ്മുടെ കുരുന്നുകള്‍ക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.
കോവിഡ് മഹാമാരി കുട്ടികളുടെ ജീവിതത്തില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. രോഗഭീതിയില്‍ ലോകം നിശ്ചലമായപ്പോള്‍ കുട്ടികള്‍ ഒറ്റപ്പെടുകയായിരുന്നു. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നതോടൊപ്പം സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ അത്രയും അവരില്‍നിന്ന് കോവിഡ് കവര്‍ന്നെടുത്തു. കളിചിരികളില്ലാതെ കൂട്ടുകാരെ ഉപേക്ഷിച്ച് അകലങ്ങളുടെ ലോകത്തേക്ക് പിന്‍വലിയേണ്ടിവന്നത് കുട്ടികളെ കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. വിലപ്പെട്ടത് പലതും നഷ്ടമായി. വിദ്യാലയത്തിന്റെ ഊഷ്മളതയില്‍നിന്ന് അകലേണ്ടി വന്നപ്പോള്‍ പഠനം ഓണ്‍ലൈനില്‍ ഒതുങ്ങി. വിദൂര നിയന്ത്രിത വിദ്യാഭ്യാസത്തിലേക്ക് പറിച്ചുനടപ്പെടുകയായിരുന്നു അവര്‍. പ്രിയപ്പെട്ട അധ്യാപകര്‍ക്കുമുന്നില്‍ സഹപാഠികളോടൊപ്പം ഒരു ബഞ്ചിലിരുന്ന് പഠിക്കാന്‍ അവര്‍ കൊതിച്ചു. 2020 മാര്‍ച്ചില്‍ കോവിഡ് ഭീതിയെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കാന്‍ നീണ്ട കാത്തിരിപ്പുവേണ്ടിവന്നു. രാജ്യത്തെ വെന്റിലേറ്ററിലേക്ക് കിടത്തിയ രണ്ടാം തരംഗത്തോടെ പ്രതീക്ഷകള്‍ വീണ്ടും തകിടംമറിഞ്ഞു. ഇന്ന് വിദ്യാലയങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും വിദ്യാലയ അധികൃതരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതിദിന കോവിഡ് നിരക്ക് ഇപ്പോഴും അയ്യായിരത്തിന് മുകളില്‍ നില്‍ക്കുന്ന സ്ഥിതിക്ക് കരുതല്‍ ആവശ്യമാണ്. പൊതുജന പിന്തുണയോടെ സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. സ്വന്തമായി വാഹനങ്ങളുള്ള വിദ്യാലയങ്ങളില്‍ പോലും കുട്ടികളിപ്പോള്‍ പൊതു ഗതാഗതത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. അത് കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. പഴയതുപോലെ ബസുകളില്‍ തൂങ്ങിയുള്ള യാത്ര ഇപ്പോള്‍ ഏറെ ദുഷ്‌കരമാണ്. യാത്രാപ്രശ്‌നങ്ങള്‍ കാരണം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടിക്കുന്ന രക്ഷിതാക്കള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. എല്ലാ ദിവസവും രക്ഷിതാക്കള്‍ നേരിട്ട് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയെന്നത് പ്രായോഗികമല്ല. പ്രത്യേകിച്ചും ദൂരം ഏറെയുള്ള സ്‌കൂളില്‍ എത്തിപ്പെടുകയെന്നത് ഏറെ ദുഷ്‌കരമാണ്.
കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ നിരന്തര നിരീക്ഷണം വേണം. കോവിഡ് പ്രോട്ടോകോള്‍ വിദ്യാലയങ്ങളില്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒന്നര വര്‍ഷത്തിനിടെ വലിയൊരു വിടവാണ് വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് പ്രായോഗിക വിഷമതകള്‍ ഏറെയുണ്ട്. ഒറ്റപ്പെട്ട കുട്ടികള്‍ക്ക് മാത്രമേ അതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളൂ. ബഹുഭൂരിഭാഗം പേര്‍ക്കും പാഠഭാഗങ്ങള്‍ നഷ്ടപ്പെടുകയാണുണ്ടായത്. ഓരോ ക്ലാസിലും ലഭിച്ചിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍പോലും കുട്ടികള്‍ക്ക് കിട്ടിയില്ല. ഓണ്‍ലൈന്‍ പഠനരംഗത്ത് സര്‍ക്കാരിന്റെ അലംഭാവം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. കഴിഞ്ഞ വര്‍ഷം കുട്ടികളെ ഒന്നും പഠിപ്പിക്കേണ്ട എന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും ആ വഴിക്കായിരുന്നു. വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നഷ്ടപ്പെട്ട പാഠഭാഗങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി അധ്യാപകര്‍ക്ക് മുന്നോട്ടുപോകേണ്ടിവരും. കോവിഡാനന്തര അധ്യയനത്തെ പരമ്പരാഗത രീതിയില്‍ തളച്ചിടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധവെക്കണം. രോഗഭീഷണി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും സര്‍ക്കാരിന്റെ സഹായവും പിന്തുണയും വിദ്യാലയങ്ങള്‍ക്ക് കൂടിയേ തീരൂ. ആദ്യ രണ്ടാഴ്ച പഠനം ഉണ്ടാകില്ലെന്നും കുട്ടികളെ സ്‌കൂളുമായി ഇണക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകുകയെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇത് കുട്ടികളെ മാനസികമായി കൂടുതല്‍ ഉഷാറാക്കാന്‍ സഹായിക്കും. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കുട്ടികള്‍ നാല് ചുമരുകള്‍ക്കിടയില്‍ വീണ്ടും ഒത്തുകൂടുന്നതെന്ന ഓര്‍മ്മ അധ്യാപകര്‍ക്ക് എപ്പോഴുമുണ്ടാകണം. അതിലുപരി അവരെ കൂടുതല്‍ കരുതലോടെ ചേര്‍ത്തുനിര്‍ത്തേണ്ട കാലംകൂടിയാണ് ഈ മഹാമാരിക്കാലമെന്ന ഓര്‍മ്മയും.