സ്‌കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളന് സി.സി ടി.വി നൽകിയത് എട്ടിന്റെ പണി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോഷ്ടാവ് സ്‌കൂട്ടർ തിരികെ നൽകി മുങ്ങുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ചിയാനൂർ പാടത്തെ വർക്ക് ഷോപ്പിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്. തൊട്ടടുത്ത കടയിലെ സി.സി ടി.വിയിലാണ് മോഷ്ടാവായ യുവാവിന്റെ ദൃശ്യം പതിഞ്ഞത്. തുടർന്ന് ദൃശ്യങ്ങളുമായി വാഹനമുടമ ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഇതിനിടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനും തുടങ്ങിയിരുന്നു. ഇതോടെ ഇന്നലെയാണ് സ്‌കൂട്ടറുമായി യുവാവ് തിരികെയെത്തിയത്. സ്‌കൂട്ടറിന്റെ താക്കോൽ അടുത്ത കടയിൽ ഏൽപ്പിച്ച ശേഷം ഉടമ വന്നുവാങ്ങുമെന്ന് പറഞ്ഞ് ഇയാൾ കടന്നുകളയുകയും ചെയ്തു. മാത്രമല്ല സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഉടമയുടെ നമ്പറിൽ വിളിച്ച് അബദ്ധം പറ്റിയതാണെന്നും സ്‌കൂട്ടർ തിരിച്ചെത്തിച്ചെന്നും അറിയിക്കാനും യുവാവ് മറന്നില്ല.

ഈ നമ്പറിൽ തിരികെ വിളിച്ചെങ്കിലും അതൊരു ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്ന് തെളിഞ്ഞു. ചങ്ങരംകുളത്ത് നിന്നും ചെറവല്ലൂരിലേക്ക് മോഷ്ടാവ് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവറുടെ ഫോണിൽ നിന്നായിരുന്നു ഈ വിളി വന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.