ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‌ലൻഡ് പങ്കെടുക്കും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് ബംഗ്ലാദേശ് പിന്മാറാത്തതിനെ തുടർന്നാണ് ഐ.സി.സി സ്കോട്ട്‌ലൻഡിന് അവസരം നൽകാൻ തീരുമാനിച്ചത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സരങ്ങളിലാണ് സ്കോട്ട്‌ലൻഡ് കളിക്കുക.
വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് അറിയിച്ചതിനുശേഷവും പങ്കെടുക്കാനുള്ള അന്തിമ സമയപരിധി കഴിഞ്ഞതോടെയാണ് സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താനുള്ള തീരുമാനം ഐ.സി.സി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ഐ.സി.സി അംഗങ്ങൾക്കും ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് താരം മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ നിർദേശിച്ചതോടെയാണ് വിഷയത്തിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടായത്. മുൻകാലങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തിൽ വേദി മാറ്റത്തിന് ഐ.സി.സി തയ്യാറായിട്ടുണ്ടെങ്കിലും, ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നാണ് ബി.സി.ബി ആരോപിച്ചത്.
ലോകകപ്പിന് മുന്നേയുള്ള വലിയ ട്വിസ്റ്റ് ട്വന്റി20 ലോകകപ്പ് തുടങ്ങുംമുമ്പേ തന്നെ വലിയ ട്വിസ്റ്റുകളാണ് ക്രിക്കറ്റ് ലോകത്ത് സംഭവിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായതാണ് സ്കോട്ട്‌ലൻഡിന്റെ അപ്രതീക്ഷിത വരവ്. കായികചരിത്രത്തിൽ അപ്രതീക്ഷിത ടീമുകളുടെ വമ്പൻ അട്ടിമറികൾ പതിവായതിനാൽ, ഈ ലോകകപ്പിലും അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.
നിലവിൽ ഐ.സി.സി റാങ്കിങ്ങിൽ 14-ാം സ്ഥാനത്തായിരുന്നാലും, മുൻ ഐ.സി.സി ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനങ്ങളാണ് സ്കോട്ട്‌ലൻഡിനെ പരിഗണിക്കാൻ കാരണം. കരുത്തൻ ടീമുകളെ അട്ടിമറിച്ച അനുഭവവും ഭയമില്ലാത്ത സമീപനവുമാണ് സ്കോട്ട്‌ലൻഡിനെ ആരാധകരുടെ ഇഷ്ടടീമാക്കുന്നത്. ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‌ലൻഡ് ഉൾപ്പെടുക. ആദ്യ ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ മത്സരങ്ങൾ.