കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.

വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, നാട്ടുകാര്‍, പൊലീസുകാര്‍ എന്നിവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ സലാഹുദ്ദീന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടും.

പോസ്റ്റ്‌മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സലാഹുദ്ദീന്റെ മൃതദേഹം സംസ്‌കരിക്കുക.