Auto

കാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു

By webdesk18

December 18, 2025

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനംവകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ഇത് ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ ചാരവൃത്തിയുമായി ബന്ധമുള്ളതാണോ എന്നത് കണ്ടെത്താനാണ് അന്വേഷണം.

തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗ് ഘടിപ്പിച്ച നിലയിൽ ഒരു കടൽക്കാക്ക വിശ്രമിക്കുന്നത് പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം കാർവാർ ടൗൺ പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ അറിയിക്കുകയായിരുന്നു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ട്രാക്കിങ് ഉപകരണം പരിശോധിച്ചു.

പരിശോധനയിൽ ട്രാക്കർ ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസ് എന്ന സ്ഥാപനവുമായി ബന്ധിപ്പിച്ചതാണെന്ന് കണ്ടെത്തി. സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനുള്ള അക്കാദമിക്–പാരിസ്ഥിതിക ഗവേഷണത്തിന്റെ ഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചാരവൃത്തിയുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ, തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത തുടരുകയാണ്. കണ്ടെത്തിയ പക്ഷിയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിങ് പ്രോഗ്രാമിന്റെ ഉത്ഭവം, സമയക്രമം, വ്യാപ്തി എന്നിവ വ്യക്തമാക്കാൻ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഔദ്യോഗികമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഈ പ്രദേശത്ത് കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്കോൾ തുറമുഖ പരിധിയിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു. അന്നത് വന്യജീവി ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അതേസമയം, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഐ.എൻ.എസ് കദംബ നാവിക താവളത്തിന്റെ സാമീപ്യം കണക്കിലെടുത്താൽ ഗവേഷണത്തിന്റെ മറവിൽ സങ്കീർണ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജിപിഎസ് ഉപയോഗിച്ച് വന്യജീവികളെ ട്രാക്ക് ചെയ്യുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയാണെങ്കിലും, പക്ഷിയെ കണ്ടെത്തിയ സ്ഥലം ഒന്നിലധികം ഏജൻസികളുടെ വിശദമായ പരിശോധന അനിവാര്യമാക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള പ്രതികരണങ്ങളും ട്രാക്കറിന്റെ ഡാറ്റാ ട്രാൻസ്മിഷൻ ശേഷിയെക്കുറിച്ചുള്ള സാങ്കേതിക വിശകലനവും ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.