world

ഗസ്സയിലെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍; അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍

By webdesk18

January 15, 2026

ദോഹ: ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്കായുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന്റെ പ്രഖ്യാപനം ഗസ്സയിലെ സമാധാനം ദൃഢമാക്കാനും തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രത്യാശ പ്രകടിപ്പിച്ചു.

മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തറും മറ്റ് പങ്കാളി രാജ്യങ്ങളും ഗസ്സയിലെ സംഘര്‍ഷം ലഘൂകരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്നും ഫലസ്തീന്‍ ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കണമെന്നും ഡോ. അല്‍ അന്‍സാരി അറിയിച്ചു.