kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന്; വിധിയെഴുതാന്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ

By webdesk17

December 11, 2025

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന വോട്ടുകള്‍കൂടി ഇന്ന് പെട്ടിയിലാവും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.

72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്‌സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.

18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.

മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിംഗ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് റി പോള്‍ നടക്കും. വോട്ടിംഗ് മെഷീന്‍ തകരാര്‍ സംബന്ധിച്ച വരണാധികാരിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇവിടെ ഡിസംബര്‍ 9 നടന്ന വോട്ടെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷന്‍ റദ്ദാക്കിയിരുന്നു. റീപോളില്‍ വോട്ട് ചെയ്യുന്നവരുടെ ‘ഇടതു കൈയ്യിലെ നടുവിരലില്‍ ആയിരിക്കും മഷി അടയാളം രേഖപ്പെടുത്തുക.