india

ഐഎസ്‌ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍

By webdesk17

May 21, 2025

ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.

പാക് എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്‌സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.

കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.

തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.