kerala

വിഭാഗീയതയും സംഘർഷസാധ്യതയും; ആലപ്പുഴയിലെ രണ്ട് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു

By webdesk13

September 20, 2024

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. വിഭാഗീയതയും സംഘര്‍ഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

ഇന്നലെരാവിലെ പത്തിനായിരുന്നു സമ്മേളനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, സമ്മേളനത്തിനു തൊട്ടുമുന്‍പ് നേതാക്കള്‍ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങള്‍ ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം. കഴിഞ്ഞ കുറച്ചു നാളായിട്ട് ആലപ്പുഴയിലെ പലഭാഗത്തും സി.പി.എമ്മില്‍ വിഭാഗീയത അതിരൂക്ഷമായിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സ്ഥിരം വോട്ടുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.