kerala

മതേതര കേരളം ഒന്നിച്ചുണര്‍ന്ന് ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം; കെപിഎ മജീദ്

By Chandrika Web

April 30, 2022

മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിന് മറുപടിയുമായി മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗം കെപിഎ മജീദ്.ഹിന്ദു, മുസ്ലിം, ക്രൈസ്തവ സഹോദരങ്ങള്‍ ഒന്നിച്ചു നിന്നാണ് മതേതര കേരളത്തെ കെട്ടിപ്പടുത്തത്. കേരളം അനുഭവിക്കുന്ന ശാന്തിയും സമാധാനവും ഉദാത്തമായ മാനവികതയുടെയും സഹവര്‍തിത്വത്തിന്റെയും ഫലമാണ്. ഈ തെളി വെള്ളത്തില്‍ നഞ്ഞു കലക്കി കിട്ടുന്ന മീനിനെ പിടിക്കാനാണ് പി.സി ജോര്‍ജിനെ പോലുള്ളവര്‍ ശ്രമിക്കുന്നത് കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

വിഷം കലക്കാന്‍ എളുപ്പമാണ്. നാവിന് എല്ലില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ മതി. എന്നാല്‍ കലക്കിയ വിഷം നീക്കി വീണ്ടും വെള്ളം ശുദ്ധീകരിക്കുക എന്നതാണ് പ്രയാസം. മതേതര കേരളം ഒന്നിച്ചുണര്‍ന്ന് ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം. നമുക്ക് മാത്രമല്ല. വരാനിരിക്കുന്ന തലമുറകള്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കണം അദ്ദേഹം പറഞ്ഞു.