സംഘര്‍ഷം രൂക്ഷമായ ഇറാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്‍കി. ഇറാനെ ആക്രമിച്ചാല്‍ അത് മുഴുവന്‍ മേഖലയ്ക്കും വലിയ ഭീഷണിയാവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
‘ഒരു കാര്യം വ്യക്തമായി പറയാം. പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിയിലൂടെയാണ് സംസാരിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ കാണുന്ന പോലെ അവസാനമില്ലാത്ത വര്‍ത്തമാനമല്ല ട്രംപിന്റെ ശൈലി’ എന്നായിരുന്നു യു.എന്നിലെ യു.എസ് അംബാസഡര്‍ മെക് വാള്‍ട്‌സിന്റെ പ്രതികരണം. ‘ഇറാനിലെ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യം മറ്റാരേക്കാളും നന്നായി ഇറാന്‍ ഭരണകൂടത്തിന് അറിയാം’ എന്നും വാള്‍ട്‌സ് പറഞ്ഞു.
യു.എസിന്റെ ആവശ്യപ്രകാരമാണ് യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തിലേക്ക് ഇറാന്‍ ഭരണകൂട വിരുദ്ധരായ രണ്ട് ഇറാന്‍ വിമതരെയും ക്ഷണിച്ചിരുന്നു. യു.എസില്‍ താമസിക്കുന്ന മസീഹ് അലിനജാദ്, അഹ്‌മദ് ബതേബി എന്നിവര്‍ യു.എന്നില്‍ പ്രസംഗിച്ചു.
ഇറാന്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ ശക്തമാകുന്നുവെന്ന സൂചനയായാണ് സുരക്ഷാസമിതിയുടെ അടിയന്തര യോഗം വിലയിരുത്തപ്പെടുന്നത്.