india

ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

By webdesk18

May 21, 2025

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.