india

യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച: മുഖ്യമന്ത്രിക്കു നേരെ പശു പാഞ്ഞടുത്തു, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

By webdesk18

December 22, 2025

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ വീണ്ടും സുരക്ഷാവീഴ്ച. കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു പശു പാഞ്ഞടുത്ത സംഭവമാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാവീഴ്ചയാണിത്.

വെള്ളിയാഴ്ച വൈകീട്ട് ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയും മുൻസിപ്പൽ കമീഷണറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

യോഗിയുടെ വാഹനത്തിൽ നിന്ന് ആദ്യം എം.പി രവികൃഷ്ണൻ പുറത്തിറങ്ങി. പിന്നാലെ മുഖ്യമന്ത്രി പുറത്തിറങ്ങാനൊരുങ്ങുന്നതിനിടെയാണ് പശു വാഹനത്തോട് ചേർന്ന് പാഞ്ഞടുത്തത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പശുവിന്റെ ദിശമാറ്റിയതോടെയാണ് അപകടസാധ്യത ഒഴിവായത്. തുടർന്ന് മുൻസിപ്പൽ കമീഷണർ ഗൗരവ് സിങ് സോഗ്രാവാൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രദേശത്തെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ചുമതല വഹിച്ചിരുന്ന മുൻസിപ്പൽ കോർപറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് നടപടി സ്വീകരിക്കാൻ കാരണം.

ഉത്തർപ്രദേശിൽ തെരുവ് കന്നുകാലികൾ അലഞ്ഞുതിരിയുന്ന പ്രശ്നം പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പലരും ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കുതന്നെ തെരുവ് പശുവിന്റെ ആക്രമണം നേരിടേണ്ടിവന്നത്.