Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

By webdesk17

November 06, 2025

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്. അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.