india

ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

By webdesk17

November 25, 2025

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ട്രെയിനുകളില്‍ ബ്രാന്‍ഡഡ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുപ്പികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്‍ നിന്നും വെള്ളം കോരി കുപ്പികളില്‍ നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്‍, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്‍ കുപ്പികള്‍ നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്‍ ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്‍ വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തിടുക്കത്തില്‍ മുഴുവന്‍ കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്‍വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്‍ ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്‍ക്കുന്ന വില്‍പനക്കാര്‍ക്കെതിരെ റെയില്‍വേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു. വില്‍പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്‍വേ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്‍ തന്നെ പരിശോധിക്കണമെന്ന്, കര്‍ശന നിരീക്ഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയരുന്നു.